ബിബിസിയുടെ ടി.വി ലൈസൻസിംഗ് ഫീസിൽ നിന്നുള്ള നിലവിലെ വരുമാനം 3.6 ബില്യൺ പൗണ്ട്. ഭാവിയിൽ ലൈസൻസിംഗ് ഫീ അടയ്ക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കാൻ ആലോചന.
ബിബിസിയുടെ വാർഷിക റവന്യൂവിന്റെ 70 ശതമാനവും ടി.വി ലൈസൻസിംഗ് ഫീയിൽ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഈയിനത്തിൽ ലഭിച്ചത് 3.6 ബില്യൺ പൗണ്ടാണ്. ഇപ്പോൾ 154.50 പൗണ്ടാണ് വാർഷിക ലൈസൻസ് ഫീസ്. ഇത് അടയ്ക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റമായിട്ടാണ് നിലവിൽ കണക്കാക്കുന്നത്. ഫീ അടയ്ക്കാതെ ടി.വി ഉപയോഗിക്കുന്നവരെ ക്രിമിനൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാമെന്ന് നിയമം അനുശാസിക്കുന്നു. നിയമ ലംഘനം നടത്തിയാൽ കോടതിയിൽ ഹാജരാകേണ്ടി വരികയും 1000 പൗണ്ട് വരെ ഫൈൻ അടയ്ക്കേണ്ടതായും വരും.
ബിബിസിയുടെ ലൈസൻസിംഗ് ഫീ നയത്തിൽ കൺസൽട്ടേഷൻ നടത്താനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പദ്ധതിയിടുന്നത്. ഇലക്ഷൻ പ്രചാരണ വേളയിൽ അദ്ദേഹമിത് സൂചിപ്പിച്ചിരുന്നു. ലൈസൻസിംഗ് ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് തുക ഈടാക്കാൻ സിവിൽ നിയമം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. കൗൺസിൽ ടാക്സ്, യൂട്ടിലിറ്റി ബിൽ, പാർക്കിംഗ് ചാർജ് എന്നിവ പോലെ ലൈസൻസ് ഫീയും സിവിൽ നിയമത്തിന്റെ പരിധിയിൽ ആക്കണമെന്നും അടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ മറ്റു ഫീസുകൾ ഈടാക്കാൻ ഉപയോഗിക്കുന്ന ഡെബ്റ്റ് റിക്കവറി മാർഗങ്ങൾ അനുവർത്തിക്കാനുമാണ് പദ്ധതിയിടുന്നത്. സിവിൽ നിയമമനുസരിച്ച് തുക ലഭിച്ചില്ലെങ്കിൽ അവസാന വഴിയായി ക്രിമിനൽ കേസാക്കി മാറ്റും. ലൈസൻസ് ഫ്രീ ക്രിമിനൽ കുറ്റത്തിൽ നിന്ന് മാറ്റിയാൽ ബിബിസിയ്ക്ക് 200 മില്യൺ പൗണ്ട് ബാധ്യതയുണ്ടാകുമെന്ന് കോർപ്പറേഷൻ പറയുന്നു.









